Saturday, August 24, 2013

ആപ്പുപ്പന്‍താടി

മകളുടെ മാതൃവാല്സല്യാനുകൂല-

മവസന വാസം വിധിയായിരിക്കവേ

ഏതൊരു വിസ്മൃതിത്തിമിരം മറയ്ക്കു-

മനാഥ ലോകത്തില്‍ പദം വച്ചു പോയിനീ

അല്ലെങ്കില്‍ ഓര്‍മകള്‍ കൂടിയടുന്നൊരു

ലോകത്തിലാമോദമോടെയലിഞ്ഞുവോ?

ഇനി യെങ്ങു തിരയുവാന്‍ അച്ഛാ അറിവുകള്‍

ഫലശൂന്യ മാവു,ന്നിരുളുന്നു ദിക്കുകള്‍

പൈതലെപ്പോലെ കളിച്ചു നടക്കയോ

പിടിവിട്ടുപോയോ സ്വയംഇന്ദ്രിയങ്ങള്‍

കൈവിട്ട യവ്വനാധാരം തിരക്കയോ

വൈകിയും ആരുതാനെന്നു തേടുന്നുവോ

ഓര്‍മ്മകളില്ലാത്ത ജീവിതായോധന

ശാപമോക്ഷത്തിന്നു കൈനീട്ടി നില്‍ക്കയോ

തീവ്രം തിളങ്ങിയ കര്‍മ്മകാണ്ടത്തിന്‍റെ

പൂമരമാകെ കൊഴിഞ്ഞതു കാണ്മതോ

വന്യമാം വയനാനിര്‍ദ്ധരി വാര്‍ദ്ധകാ-

രണ്യമണലിലലിഞ്ഞുണങ്ങുന്നുവോ

കഷ്ടകാണ്ടങ്ങളില്‍ ഒന്നിച്ചു നിന്നവള്‍

എങ്ങൊളിച്ചെന്നു തിരയുന്നുവോ ദുരെ

ഉയരെ പറത്തിയ പറവകളിനിയും

വരില്ലെന്നുനീറി മനം നുറുങ്ങുന്നുവോ

വിരലും കവിഞ്ഞു വളര്‍ന്ന മൃതനഖം

ഒരുവേള കണ്ടു മുറിച്ചുനല്‍‌ടവേ

ചുളിവുകള്‍വീണ മുഖത്തു തിളങ്ങിയൊ-

രമ്പിളി കണ്ടു കുളിരണിഞ്ഞന്നു ഞാന്‍

ആട്ടം കഴിഞ്ഞാല്‍ അരങ്ങൊഴിഞ്ഞിടണo

പച്ചയോ താടിയോ വേഷമേതകിലും-

ഒട്ടേറെ ആട്ടവിളക്കുകള്‍ ‍കണ്ടനീ

വേദിയൊഴിഞ്ഞു നടന്നു പോവുന്നുവോ

ആസ്ഥികള്‍ഒന്നൊന്നൊഴിഞ്ഞു പിന്‍വാങ്ങിനീ

യാത്രക്കൊരപ്പുപ്പന്‍താടി ആവുന്നുവോ

പൂര്‍വജന്മത്തിന്‍റെദാനംകണക്കുനീ-

യേകിയനിധിയുമായ് ഞാന്‍ കാത്തുനില്‍ക്കെ

പുണ്യങ്ങള്‍തേഞ്ഞ വാല്‍ക്കിണ്ടിപോല്‍ പൂമുഖം

നീ വരുമെന്നുതന്നെ മുനിഞ്ഞിടുന്നു.

Friday, August 9, 2013

ജനാധിപത്യവിരുദ്ധം

പാര്‍ട്ടിയിലെയും മുന്നണിയിലെയും തൊഴുത്തില്‍ക്കുത്തു പരിഹരിക്കാന്‍ വേണ്ടിയുള്ള ഡെല്‍ഹിയാത്രകളുടെ ചെലവുകള്‍ ആരാണു വഹിച്ചതെന്നറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്. ആ ചെലവുകള്‍
പാര്‍ട്ടിയോ മുന്നണിയോ ആണു വഹിക്കേണ്ടത്. അല്ലാതെ  ‍പൊതുഖജനാവില്‍നിന്ന്‍ വഹിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.

ദൂരെ അരികെ

എത്താത്ത ദൂരതോരേകാന്ത സന്ധ്യയില്‍
പാരിജാതത്തിന്‍ പൊരുളുകള്‍ തേടി ഞാന്‍
മുള്ളിന്റെ തുമ്പിലും പൂവിടരുന്നൊരു
മഞ്ഞിന്റെ സ്പര്‍ശമായ് വന്നു നിന്നോര്‍മ്മകള്‍
കാണ്‍മതെക്കാളും ഒളിപ്പിച്ചുവയ്ക്കുന്ന
കാമ്യകമാണ് നിന്‍ കല്പന ഓമനേ
കാര്‍മുകിലില്‍ വന്നു കാറ്റു പറയുന്നു
ദൂരെയാണെങ്കിലും ചാരെയുണ്ടെന്നു നീ